ഫ്രാൻസിസ് പാപ്പയുടെ രോഗവിവരം അറിയാൻ ലോകം മുഴുവനുമുള്ള കത്തോലിക്കർ പ്രാത്ഥനയോടെ കാത്തിരിക്കുകയാണ്. പക്ഷെ, രോഗ നില അല്പം മെച്ചപ്പെട്ടാൽ അദ്ദേഹത്തിന്റെ ഫോൺ വിളി പോകുന്നത് പലസ്തീനിലെ വടക്കൻ ഗാസ പ്രദേശത്തെ തിരുക്കുടുംബ ദേവാലയത്തിലേക്കാണ്.
ഒന്നര വർഷമായി തുടരുന്ന ഈ പതിവ് തന്റെ രോഗനില ആശങ്കാജനകമായി തുടരുമ്പോളും ആഗോള കത്തോലിക്കാ സഭയുടെ തലവൻ ആയ ഫ്രാൻസിസ് പോപ്പ് മുടക്കുന്നില്ല. ഫെബ്രുവരി 25 രാത്രിയിലും അദ്ദേഹം വിളിച്ചു. ഫോണിന്റെ അങ്ങേ തലയ്ക്കൽ ഉണ്ടായിരുന്നതു പള്ളിയിലെ സഹവികാരിയായ യുസഫ് അസദ്. അദ്ദേഹത്തിനു അറിയേണ്ടിയിരുന്നത് പലസ്തീനിലെ യുദ്ധ മേഖല ആയ ഗാസയിലെ വടക്കൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഏക കത്തോലിക്കാ പള്ളിയിലെ അഭയാർഥികളുടെ അന്നത്തെ അവസ്ഥ എന്താണെന്നാണ്. യുദ്ധക്കെടുതി മൂലം പള്ളിയിൽ അഭയാര്ഥികളാ യി കഴിയുന്നവരിൽ കത്തോലിക്കർ മാത്രമല്ല ഉള്ളത്. കത്തോലിക്കർ അല്ലാത്ത ക്രിസ്ത്യൻ വിഭാഗക്കാരും മുസ്ലിമുകളും അക്കൂട്ടത്തിൽ ഉണ്ട്.
ഹമാസ് നടത്തിയ ഭീകര ആക്രമണത്തിന് തിരിച്ചടിയായി ഇസ്രായേൽ 2023 ഒക്ടോബർ 7-നു ഗാസ പ്രദേശത്തു തുടങ്ങിയ ബോംബ് അക്രമണതിന്റെ മൂന്നാം ദിവസം മുതൽ പോപ്പ് ഫ്രാൻസിസ് വിളിക്കുന്നത് ഗാസയിലെ തിരുക്കുടുംബ ഇടവകയുടെ പുരോഹിതരെയാണ്. ഇടവക വികാരി ഗബ്രിയേ ൽ റോമനെല്ലിയോടും സഹ വികാരി യുസഫ് അസദി യോടും ഒന്നര വർഷത്തോളമായി പോപ്പ് ഫ്രാൻസിസ് എല്ലാ ദിവസവും രാത്രിയിൽ ഫോൺ വിളി യിലൂടെ തിരക്കിയത് ഇടവക പള്ളിയിലെ ഹതഭാഗ്യരെ കുറിച്ചാണ്. കടുത്ത ന്യുമോണിയ ബാധിച്ചു ആശുപത്രിയിൽ കിടക്കേണ്ടി വരുന്നത് വരെ ഒരു ദിവസം പോലും പോപ്പ് ഈ പതിവ് മുടക്കിയിട്ടില്ലെന്നു വത്തിക്കാൻ പറയുന്നു.
ഫ്രാൻസിസ് പാപ്പാ എന്ന് ലോകമെമ്പാടുമുള്ള റോമൻ കത്തോലിക്കരും സുറിയാനി ഭാഷയിലെ മാർ എന്ന് ചേർത്ത് മാർ പാപ്പാ എന്ന് സുറിയാനി കത്തോലിക്കരും വിളിക്കുന്ന പോപ്പ് ഫ്രാൻസിസ് യുദ്ധക്കെടുതികളിൽപെട്ട നിരാലംബർക്കൊപ്പം ആണ് നിലകൊള്ളുന്നത്. ഹമാസിന്റെ ഉൾപ്പെടെയുള്ള എല്ലാത്തരം ഭീകര ആക്രമണങ്ങളെയും യുദ്ധങ്ങളെയും എതിർക്കുന്ന പോപ്പ് ഫ്രാൻസിസിന്റെ മുൻഗണന ആക്രമണങ്ങൾക്കു ഇരയാകുന്ന നിരാലംബരുടെ ജീവൻ രക്ഷിക്കുന്നതിലാണ്.

ക്രിസ്മസ് പാതിരാകുർബാനയ്ക്കു മുൻപ് പോപ്പ് ഫ്രാൻസിസ് ഗാസയിലെ ഇടവക പള്ളിയിലേക്ക് വിഡിയോ കോൾ വിളിക്കുന്നു